സദൃശവാക്യങ്ങൾ 16:1-13

സദൃശവാക്യങ്ങൾ 16:1-13 MCV

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു. മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു. നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും. യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും. അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം. സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു. ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു. നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്. മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു. രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല. കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്. ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്. സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു.