ഫിലിപ്പിയർ 1:18-26

ഫിലിപ്പിയർ 1:18-26 MCV

എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും, കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ, ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടുമെന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു. ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും! ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല! ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം. എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു. ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്. അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.