മർക്കോസ് 9:30-41

മർക്കോസ് 9:30-41 MCV

അവർ ആ സ്ഥലംവിട്ട് ഗലീലയിലൂടെ കടന്നുപോയി. തങ്ങൾ എവിടെയാണെന്ന് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു. യേശു ശിഷ്യന്മാരെ ഉപദേശിച്ചുകൊണ്ട് അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ അവനെ കൊല്ലും, എന്നാൽ മൂന്നുദിവസം കഴിഞ്ഞ് അയാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.” എന്നാൽ, അദ്ദേഹം പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, അതിനാൽ, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു. അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു. അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു. അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെമധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.” “ഗുരോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു, അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു ശിഷ്യന്മാരിൽ ഒരാളായ യോഹന്നാൻ പറഞ്ഞു. “അയാളെ തടയരുത്” യേശു പറഞ്ഞു, “എന്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്ന ഒരാൾക്ക് അടുത്ത നിമിഷത്തിൽ എന്നെ ദുഷിച്ചു പറയാൻ സാധ്യമല്ല; നമുക്കു പ്രതികൂലമല്ലാത്തയാൾ നമുക്ക് അനുകൂലമാണ്. ക്രിസ്തുവിന്റെ ശിഷ്യർ എന്ന പരിഗണനയിൽ ഒരു പാത്രം വെള്ളമെങ്കിലും നിങ്ങൾക്കു തരുന്നയാൾക്ക് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.