മത്തായി 9:27-34

മത്തായി 9:27-34 MCV

യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു. യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു. “തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു. അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി. എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു. അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു. എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്നു പറഞ്ഞു.