മത്തായി 9:1-13

മത്തായി 9:1-13 MCV

യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി. ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു. യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി. ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി. യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. മത്തായി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു. പിന്നീടൊരിക്കൽ യേശു മത്തായിയുടെ ഭവനത്തിൽ, വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു. ഇതുകണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.