മത്തായി 24:28-35
മത്തായി 24:28-35 MCV
കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും. “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’ “അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും. മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും. “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ. അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക. ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം. ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.

