മത്തായി 24:1-9

മത്തായി 24:1-9 MCV

യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു. അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു. അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും. നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം. ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും. ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം. “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.

മത്തായി 24:1-9 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ മത്തായി 24:1-9 സമകാലിക മലയാളവിവർത്തനം

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.