മത്തായി 15:12-20

മത്തായി 15:12-20 MCV

അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും. അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.” “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു. “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു. “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ. എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്. വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു; ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”