മത്തായി 13:24-47

മത്തായി 13:24-47 MCV

യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു. “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.” യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം. അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.” അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.” യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. “സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,” എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി. അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു. യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു. “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും. അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ! “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി. “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി. “യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.