ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി. ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു. യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു. ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.” ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. “അവർ നോക്കുന്നെങ്കിലും കാണുന്നില്ല; അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്. ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു. “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’ എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ. അനേകം പ്രവാചകന്മാരും നീതിനിഷ്ഠരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആശിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 13 വായിക്കുക
കേൾക്കുക മത്തായി 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 13:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ