മത്തായി 13:1-15

മത്തായി 13:1-15 MCV

ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി. ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു. യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു. ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു. എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി. കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു. എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.” ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു. അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല. ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. “അവർ നോക്കുന്നെങ്കിലും കാണുന്നില്ല; അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്. ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു. “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’