ലൂക്കോസ് 23:32-47

ലൂക്കോസ് 23:32-47 MCV

കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി. തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു. അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു. ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു. സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്, “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു. ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു. ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു. മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു. പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു. യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു. അപ്പോൾ ഏകദേശം മധ്യാഹ്നം പന്ത്രണ്ടുമണി ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട് മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി. “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു” എന്ന് യേശു അത്യുച്ചത്തിൽ പറഞ്ഞു. ഇതു പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു. സംഭവിച്ചതെല്ലാം കണ്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്നു പറഞ്ഞു.

ലൂക്കോസ് 23:32-47 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും