ലേവ്യ 15:19-30

ലേവ്യ 15:19-30 MCV

“ ‘ഒരു സ്ത്രീക്കു മുറപ്രകാരം രക്തസ്രാവമുണ്ടാകുമ്പോൾ, അവളുടെ മാസമുറയുടെ അശുദ്ധി ഏഴുദിവസം നീളും, അവളെ തൊടുന്നവർ ആരായാലും സന്ധ്യവരെ അശുദ്ധരായിരിക്കും. “ ‘അവളുടെ ആർത്തവകാലത്ത് അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അത് അശുദ്ധമായിരിക്കും, ഏതിന്മേലെങ്കിലും അവൾ ഇരുന്നാൽ അത് അശുദ്ധമായിരിക്കും. അവളുടെ കിടക്ക തൊടുന്നവർ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നവർ തങ്ങളുടെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവളുടെ കിടക്കയോ, അവൾ ഇരുന്ന എന്തെങ്കിലുമോ ആരെങ്കിലും തൊട്ടാൽ അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. “ ‘ഒരു പുരുഷൻ അവളോടുകൂടെ കിടക്കപങ്കിടുകയും അവളുടെ ആർത്തവസ്രവം അവന്റെമേൽ ആകുകയും ചെയ്താൽ, അവൻ ഏഴുദിവസം അശുദ്ധനായിരിക്കും, അവൻ കിടക്കുന്ന കിടക്കയും അശുദ്ധമായിരിക്കും. “ ‘ഒരു സ്ത്രീക്ക് ആർത്തവകാലത്തല്ലാതെ വളരെദിവസം രക്തസ്രാവമുണ്ടാകുകയോ ആർത്തവകാലം കഴിഞ്ഞും സ്രവം തുടരുകയോ ചെയ്താൽ, സ്രവമുള്ളിടത്തോളം, ആർത്തവകാലംപോലെ അവൾ അശുദ്ധയായിരിക്കും. സ്രവം തുടരുന്നകാലത്ത് അവൾ കിടക്കുന്ന കിടക്ക, അവളുടെ ആർത്തവകാലത്തെ കിടക്കപോലെ, അശുദ്ധമായിരിക്കും. അവൾ ഇരിക്കുന്നതെല്ലാം, ആർത്തവകാലത്തേതുപോലെ അശുദ്ധമായിരിക്കും, അവയെ തൊടുന്നവർ അശുദ്ധരായിരിക്കും; അവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. സന്ധ്യവരെ അവർ അശുദ്ധരായിരിക്കും. “ ‘അവളുടെ സ്രവത്തിൽനിന്ന് അവൾ ശുദ്ധയായാൽ, അവൾ ഏഴുദിവസം എണ്ണണം. അതിനുശേഷം അവൾ ശുദ്ധിയുള്ളവളാകും. എട്ടാംദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവളുടെ സ്രവത്തിന്റെ അശുദ്ധിനിമിത്തം അവൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.