യോശുവ 8:3-8

യോശുവ 8:3-8 MCV

അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു: “ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം. ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും. ‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ, നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും. പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.”