യോശുവ 8:24-29

യോശുവ 8:24-29 MCV

തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു. ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു. ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല. യഹോവ യോശുവയോടു കൽപ്പിച്ചപ്രകാരം പട്ടണത്തിലെ കന്നുകാലി, കൊള്ള എന്നിവ ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി. പിന്നെ യോശുവ ഹായി പട്ടണം ചുട്ടുകരിച്ചു, അത് നാശനഷ്ടങ്ങളുടെ ഒരു ശാശ്വതക്കൂമ്പാരമായി, ഒരു ശൂന്യസ്ഥലമായി ഇന്നും നിൽക്കുന്നു. ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.