യോശുവ 8:18-23

യോശുവ 8:18-23 MCV

അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി. അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു. ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു. പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു. പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു. ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.