യോശുവ 24:7-15

യോശുവ 24:7-15 MCV

അപ്പോൾ അവർ യഹോവയോടു സഹായത്തിനു നിലവിളിച്ചു, അവിടന്ന് അവർക്കും ഈജിപ്റ്റുകാർക്കും ഇടയ്ക്ക് അന്ധകാരം വരുത്തി. കടൽ അവരുടെമേൽ മൂടി അവരെ മുക്കിക്കളഞ്ഞു; ഞാൻ ഈജിപ്റ്റുകാരോടു ചെയ്തതു നിങ്ങളുടെ കണ്ണിനാൽതന്നെ കണ്ടു. ഇതിനുശേഷം നിങ്ങൾ ഒരു നീണ്ട കാലയളവു മരുഭൂമിയിൽ താമസിച്ചു. “ ‘പിന്നെ ഞാൻ നിങ്ങളെ യോർദാന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശത്തു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ അവരെ നശിപ്പിച്ചുകളഞ്ഞു; അവരുടെ ദേശം നിങ്ങൾ കൈവശമാക്കി. മോവാബ് രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് ഇസ്രായേലിനുനേരേ യുദ്ധംചെയ്യാൻ ഒരുങ്ങിയപ്പോൾ നിങ്ങളെ ശപിക്കാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു; എങ്കിലും ബിലെയാമിന്റെ അപേക്ഷ ഞാൻ കേൾക്കായ്കയാൽ, അവൻ നിങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിച്ചു. ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിച്ചു. “ ‘പിന്നെ നിങ്ങൾ യോർദാൻ കടന്ന് യെരീഹോവിൽ എത്തി; യെരീഹോപട്ടണനിവാസികളും, അതുപോലെതന്നെ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ, എന്നിവരും നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. ഞാൻ നിങ്ങൾക്കുമുമ്പായി കടന്നലിനെ അയച്ചു; അവ അവരെയും ആ രണ്ട് അമോര്യരാജാക്കന്മാരെയും നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; നിങ്ങളുടെ വാൾകൊണ്ടോ വില്ലുകൊണ്ടോ അല്ല ഇതു നേടിയത്. നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും അനുഭവം നിങ്ങൾ ഭക്ഷിക്കുന്നു.’ “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക. എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”