യോശുവ 10:7-15

യോശുവ 10:7-15 MCV

അപ്പോൾ യോശുവ ഏറ്റവും നല്ല പോരാളികളുൾപ്പെടെയുള്ള സർവസൈന്യവുമായി ഗിൽഗാലിൽനിന്ന് പുറപ്പെട്ടു. യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു. ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു. യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി. ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ. യഹോവ ഇസ്രായേൽമക്കൾക്ക് അമോര്യരുടെമേൽ വിജയംനൽകിയ ദിവസം, യോശുവ ഇസ്രായേൽമക്കൾ കേൾക്കെ യഹോവയോട് അപേക്ഷിച്ചു: “സൂര്യാ, നീ ഗിബെയോനു മുകളിലും, ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കുക.” ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുന്നതുവരെ, സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും നിന്നു. യാശീരിന്റെ ഗ്രന്ഥത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു. സൂര്യൻ ആകാശമധ്യേ നിൽക്കുകയും ഒരു ദിവസംമുഴുവനും അസ്തമിക്കാതിരിക്കുകയും ചെയ്തു. യഹോവ ഒരു മനുഷ്യന്റെ വാക്കുകേട്ട് അതുപോലെ പ്രവർത്തിച്ച ആ ദിവസംപോലെ വേറൊരു ദിവസം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. യഹോവതന്നെ ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്യുകയായിരുന്നു! അതിനുശേഷം യോശുവ എല്ലാ ഇസ്രായേല്യരുമൊപ്പം ഗിൽഗാൽ പാളയത്തിലേക്കു മടങ്ങി.