ഇയ്യോബ് 42:10-17

ഇയ്യോബ് 42:10-17 MCV

ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സഹോദരന്മാരും സഹോദരിമാരും മുമ്പ് അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിന്റെമേൽ വരുത്തിയ എല്ലാ ദോഷങ്ങളെയുംകുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. അവരിലോരോരുത്തരും അദ്ദേഹത്തിന് ഓരോ വെള്ളിനാണയവും ഓരോ സ്വർണമോതിരവും പാരിതോഷികമായി നൽകി. യഹോവ ഇയ്യോബിന്റെ ശിഷ്ടജീവിതകാലം മുൻകാലത്തെക്കാൾ അനുഗ്രഹപൂർണമാക്കി. അദ്ദേഹത്തിനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരംജോടി കാളയും ആയിരം പെൺകഴുതയും ഉണ്ടായി. അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. തന്റെ പുത്രിമാരിൽ മൂത്തവൾക്ക് യെമീമയെന്നും രണ്ടാമത്തവൾക്കു കെസിയായെന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക് എന്നും പേരിട്ടു. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരികളായ സ്ത്രീകൾ ആ നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. അവരുടെ പിതാവ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് ഓഹരികൊടുത്തു. ഇതിനുശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; തന്റെ മക്കളെയും അവരുടെ മക്കളെയും അങ്ങനെ നാലു തലമുറകൾവരെ കണ്ടു. ഇയ്യോബ് വയോവൃദ്ധനും പൂർണായുഷ്മാനുമായി ഇഹലോകവാസം വെടിഞ്ഞു.