യോഹന്നാൻ 9:13-33

യോഹന്നാൻ 9:13-33 MCV

അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു. അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.” പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി. അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു. അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു. അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.” യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്. അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.” അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു. അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ! മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.” അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല! പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു. ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.”