യോഹന്നാൻ 8:21-47
യോഹന്നാൻ 8:21-47 MCV
യേശു വീണ്ടും അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” അതിന് യെഹൂദനേതാക്കന്മാർ ചോദിച്ചു, “ഇയാൾ ആത്മഹത്യചെയ്യുമോ? അതുകൊണ്ടായിരിക്കുമോ ‘ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വരാൻ കഴിയുകയില്ല,’ എന്നിയാൾ പറയുന്നത്?” യേശു ഇങ്ങനെ തുടർന്നു, “നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ ഉയരത്തിൽനിന്നുള്ളവനും. നിങ്ങൾ ഇഹലോകത്തിനുള്ളവരാണ്, ഞാനോ ഐഹികനല്ല. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” “താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പല കാര്യങ്ങൾ പറയാനും ന്യായംവിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാൻ ആകുന്നു. അവിടന്ന് എന്നോടു സംസാരിച്ച കാര്യങ്ങൾ ഞാൻ ലോകത്തെ അറിയിക്കുന്നു.” അദ്ദേഹം തന്റെ പിതാവിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചില്ല. അതുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ ‘ഞാൻ ആകുന്നു’ എന്നത് ആരെന്നും ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവ് ഉപദേശിച്ചുതന്നതുമാത്രം സംസാരിക്കുന്നെന്നും നിങ്ങൾ അറിയും. എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടന്ന് എന്നെ ഏകനായി വിട്ടിട്ടില്ല; ഞാൻ എപ്പോഴും അവിടത്തേക്ക് പ്രസാദമുള്ളതു പ്രവർത്തിക്കുന്നു.” യേശു ഈ സംസാരിച്ചതു കേട്ടപ്പോൾ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിന്നാൽ നിങ്ങൾ വാസ്തവത്തിൽ എന്റെ ശിഷ്യന്മാരായിരിക്കും. അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ഞങ്ങളെ സ്വതന്ത്രരാക്കുമെന്നു താങ്കൾ പറയുന്നതെങ്ങനെ?” അതിനു മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: പാപംചെയ്യുന്നവരെല്ലാം പാപത്തിന്റെ അടിമകളാണ്. ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു. അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും. നിങ്ങൾ അബ്രാഹാംവംശജരെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ഭാവിക്കുന്നു; എന്റെ വചനത്തിനു നിങ്ങളിൽ സ്ഥാനമില്ലല്ലോ. പിതാവിന്റെ സന്നിധിയിൽ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നിങ്ങളോടു പ്രസ്താവിക്കുന്നത്; നിങ്ങളോ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളതു ചെയ്യുന്നു.” “അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ! നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.” “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.” യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്. നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു. ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.”

