അപ്പോൾ, ജെറുശലേമിൽനിന്നുള്ള ചിലർ പറഞ്ഞു: “ഈ മനുഷ്യനെയാണല്ലോ അവർ കൊല്ലാൻ ശ്രമിക്കുന്നത്? ഇതാ, ഇദ്ദേഹം പരസ്യമായി സംസാരിക്കുന്നു, അവർ ഒരു വാക്കുപോലും ഇദ്ദേഹത്തോടു പറയുന്നുമില്ല! യഥാർഥമായി ഇത് ക്രിസ്തുതന്നെയാണെന്ന് അധികാരികൾ ധരിച്ചുവോ? ഇദ്ദേഹം എവിടെനിന്നു വന്നുവെന്ന് നാം അറിയുന്നു. ക്രിസ്തു വരുമ്പോഴോ, അദ്ദേഹം എവിടെനിന്നെന്ന് ആരും അറിയുകയുമില്ല.” ഇതിനു പ്രതികരണമായി, ദൈവാലയാങ്കണത്തിൽ ഉപദേശിച്ചുകൊണ്ടിരുന്ന യേശു ഇങ്ങനെ ശബ്ദമുയർത്തിപ്പറഞ്ഞു: “അതേ, നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്നു വരുന്നെന്നും അറിയാം. ഞാൻ സ്വന്തം അധികാരത്താൽ വന്നതല്ല; എന്നെ അയച്ചവൻ സത്യസന്ധൻ ആകുന്നു; അവിടത്തെ നിങ്ങൾ അറിയുന്നില്ല. എന്നാൽ, ഞാൻ എന്നെ അയച്ചവന്റെ അടുക്കൽനിന്നു വരുന്നതുകൊണ്ടും അവിടന്ന് എന്നെ അയച്ചിരിക്കുന്നതുകൊണ്ടും ഞാൻ അവിടത്തെ അറിയുന്നു.” അപ്പോൾ അവർ അദ്ദേഹത്തെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ, തന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെമേൽ കൈവെക്കാൻ ആർക്കും സാധിച്ചില്ല. ജനക്കൂട്ടത്തിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. “ക്രിസ്തു വരുമ്പോൾ, ഈ മനുഷ്യൻ ചെയ്യുന്നതിലും അധികം അത്ഭുതചിഹ്നങ്ങൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു. യേശുവിനെപ്പറ്റി ജനക്കൂട്ടം ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നു എന്നു പരീശന്മാർ കേട്ടു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധിക്കാൻ ദൈവാലയത്തിലെ കാവൽഭടന്മാരെ നിയോഗിച്ചു. യേശു പറഞ്ഞു: “ഞാൻ ഇനി അൽപ്പകാലംമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ, പിന്നീട് എന്നെ അയച്ചവന്റെ അടുത്തേക്കു പോകും. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല, ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.” യെഹൂദനേതാക്കന്മാർ പരസ്പരം പറഞ്ഞു: “നമുക്കു കണ്ടെത്താൻ സാധിക്കാത്തവിധം എവിടേക്കാണ് ഇദ്ദേഹം പോകാനുദ്ദേശിക്കുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ നമ്മുടെ ആളുകൾ ചിതറിപ്പാർക്കുന്നിടത്തു ചെന്ന് ഗ്രീക്കുകാരെ ഉപദേശിക്കുമെന്നോ? ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല’ എന്നും ‘ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല’ എന്നും പറയുന്നതുകൊണ്ട് അദ്ദേഹം എന്താണ് അർഥമാക്കുന്നത്?” ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.” തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല.
യോഹന്നാൻ 7 വായിക്കുക
കേൾക്കുക യോഹന്നാൻ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോഹന്നാൻ 7:25-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ