യോഹന്നാൻ 2:14-22

യോഹന്നാൻ 2:14-22 MCV

ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു. അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു. പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.” അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു. “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു. യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?” എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.