യോഹന്നാൻ 13:2-8

യോഹന്നാൻ 13:2-8 MCV

അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു. പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു. യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി. പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി. ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു. യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.” “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു.