യിരെമ്യാവ് 5:7-14

യിരെമ്യാവ് 5:7-14 MCV

“ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു. ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു. അവൻ തടിച്ചുകൊഴുത്ത വിത്തുകുതിരകളെപ്പോലെ ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനക്കുന്നു. ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കുകയില്ലേ, ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു ഞാൻ പ്രതികാരംചെയ്യുകയില്ലേ,” എന്ന് യഹോവയുടെ അരുളപ്പാട്. “അവളുടെ മുന്തിരിത്തോപ്പിൽ കടന്നു നാശം ചെയ്യുക; എന്നാൽ അവ പൂർണമായും നശിപ്പിക്കരുത്. അവളുടെ ശാഖകൾ നീക്കിക്കളയുക, കാരണം ഈ ജനം യഹോവയുടേത് അല്ലല്ലോ. എന്തെന്നാൽ ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോട് അത്യന്തം വഞ്ചന കാണിച്ചിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. അവർ യഹോവയെക്കുറിച്ചു വ്യാജം പറഞ്ഞിരിക്കുന്നു: “അവിടന്ന് ഒന്നും ചെയ്യുകയില്ല! നമുക്ക് യാതൊരുദോഷവും സംഭവിക്കുകയില്ല; വാളോ ക്ഷാമമോ നാം കാണുകയുമില്ല. “യഹോവയുടെ പ്രവാചകന്മാർ വെറും വായുവത്രേ, അവരിൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടില്ല; അതുകൊണ്ട് അവരുടെ പ്രവചനം അവരുടെമേൽതന്നെ വന്നുചേരട്ടെ.” അതിനാൽ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനം ഈ വാക്കുകൾ പറഞ്ഞതുകൊണ്ട് ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽനിന്നുള്ള അഗ്നിയായും ഈ ജനത്തെ അതു ദഹിപ്പിക്കുന്ന വിറകായും തീർക്കും.