യിരെമ്യാവ് 31:1-17

യിരെമ്യാവ് 31:1-17 MCV

“ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.” യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു: “നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു. ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ വീണ്ടും പണിയപ്പെടും. നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും. വീണ്ടും നീ ശമര്യാപർവതങ്ങളിൽ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; കർഷകർ അതു കൃഷിചെയ്യുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും. ‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ” എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ വിളിച്ചുപറയുന്ന കാലം വരും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക; രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക. നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്, ‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.” ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും, ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും. അവരോടൊപ്പം അന്ധരും മുടന്തരും ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും. അവർ കരഞ്ഞുകൊണ്ടു വരും; ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും. അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും; കാരണം ഞാൻ ഇസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു. “രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക; വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക: ‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’ കാരണം യഹോവ യാക്കോബിനെ മോചിപ്പിക്കും, അവരെക്കാൾ ശക്തരായവരുടെ കൈയിൽനിന്ന് അവരെ വീണ്ടെടുക്കും. അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും; ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ, കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും. അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും, അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല. അപ്പോൾ കന്യകയും യുവാക്കന്മാരും വൃദ്ധജനങ്ങളും ഒരുമിച്ചു നൃത്തമാടി ആനന്ദിക്കും. അവരുടെ വിലാപത്തെ ഞാൻ ആഹ്ലാദമാക്കി മാറ്റും; അവരുടെ ദുഃഖത്തിനുപകരം ഞാൻ അവർക്ക് ആശ്വാസവും ആനന്ദവും നൽകും. ഞാൻ പുരോഹിതന്മാരെ സമൃദ്ധിയാൽ തൃപ്തരാക്കും; എന്റെ ജനം എന്റെ ഔദാര്യത്താൽ സംതൃപ്തരാകും,” എന്ന് യഹോവയുടെ അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു; വിലാപവും കഠിനമായ രോദനവുംതന്നെ, റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ കരച്ചിൽ നിർത്തുക, നിന്റെ കണ്ണുനീർ തുടയ്ക്കുക; കാരണം നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും. അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.