യിരെമ്യാവ് 20:7-13

യിരെമ്യാവ് 20:7-13 MCV

യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു; ഞാൻ പ്രലോഭിതനാകുകയും ചെയ്തു. അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു; ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്, അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു. അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു. “ഞാൻ അവിടത്തെ വചനം ഓർക്കുകയോ അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ, അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്, എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു. ഞാൻ തളർന്നു; എനിക്ക് അതു സഹിക്കാൻ കഴിയാതായിരിക്കുന്നു. “ചുറ്റും കൊടുംഭീതി! അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!” എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു. “ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച് അയാളോടു പകരം വീട്ടാൻ തക്കവണ്ണം അയാൾ വശീകരിക്കപ്പെടാം,” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു. എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്; അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല. അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും അവരുടെ അപമാനം അവിസ്മരണീയമായിരിക്കും. നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ, കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു. യഹോവയ്ക്കു പാടുക! യഹോവയ്ക്കു സ്തോത്രംചെയ്യുക! കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.