ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും. അവർ ദേശത്ത് താവളമടിച്ച് ഗസ്സാവരെയുള്ള വിളകൾ നശിപ്പിക്കും; ഇസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ യാതൊന്നും ശേഷിപ്പിക്കുകയില്ല. അവർ കന്നുകാലികളും കൂടാരങ്ങളുമായി വെട്ടുക്കിളിക്കൂട്ടംപോലെവരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്ത് കടന്ന് നാശംചെയ്യും. ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു. മിദ്യാന്യരുടെ നിമിത്തം ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു; അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന്, അടിമദേശത്തുനിന്നുതന്നെ കൊണ്ടുവന്നു; ഈജിപ്റ്റിന്റെ അധികാരത്തിൽനിന്ന്, നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നുതന്നെ, ഞാൻ നിങ്ങളെ വിടുവിച്ചു; നിങ്ങളുടെമുമ്പിൽനിന്ന് അവരെ ഓടിച്ചു; അവരുടെ ദേശം നിങ്ങൾക്ക് നൽകി. യഹോവയായ ഞാൻ ആകുന്നു നിങ്ങളുടെ ദൈവം; നിങ്ങൾ വസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ വന്ദിക്കരുതെന്നും ഞാൻ നിങ്ങളോടു കൽപ്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല.” യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു. യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു. ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.” യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു. “അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു. യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.”
ന്യായാധിപന്മാർ 6 വായിക്കുക
കേൾക്കുക ന്യായാധിപന്മാർ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ന്യായാധിപന്മാർ 6:3-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ