ന്യായാധിപന്മാർ 6:28-35

ന്യായാധിപന്മാർ 6:28-35 MCV

പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു! “ആരാണ് ഇതു ചെയ്തത്?” അവർ പരസ്പരം ചോദിച്ചു. സൂക്ഷ്മമായ അന്വേഷണത്തിൽ, “യോവാശിന്റെ പുത്രനായ ഗിദെയോനാണ് അതു ചെയ്തത്” എന്നറിഞ്ഞു. പട്ടണക്കാർ യോവാശിനോട്, “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചുനശിപ്പിച്ചു; അതിനടുത്തുണ്ടായിരുന്ന അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തി” എന്നു പറഞ്ഞു. യോവാശ് തനിക്കു വിരോധമായി ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു: “നിങ്ങളോ ബാലിനുവേണ്ടി വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നത്? അവനുവേണ്ടി ആർ വ്യവഹരിക്കുന്നോ അയാൾ ഇന്നുരാവിലെതന്നെ മരിക്കണം! ബാൽ യഥാർഥ ദേവനെങ്കിൽ, തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞപ്പോൾ അവൻ അതിനെ സംരക്ഷിക്കുമായിരുന്നു.” ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു. അതിനുശേഷം മിദ്യാന്യരുടെയും അമാലേക്യരുടെയും കിഴക്കുദേശക്കാരുടെയും സൈന്യം ഒരുമിച്ച് യോർദാൻ കടന്ന് യെസ്രീൽതാഴ്വരയിൽ പാളയമടിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽവന്നു, അദ്ദേഹം കാഹളമൂതി അബിയേസെരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അദ്ദേഹം മനശ്ശെയിൽ എല്ലായിടത്തും ദൂതന്മാരെ അയച്ചു; യുദ്ധസന്നദ്ധരാകാൻ അവരെ ആഹ്വാനംചെയ്തു. അദ്ദേഹം ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും അദ്ദേഹത്തോടൊപ്പം ചേർന്നു.