യെശയ്യാവ് 6:5-13

യെശയ്യാവ് 6:5-13 MCV

അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു. അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു. ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.” അതിനുശേഷം, “ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം ഞാൻ കേട്ടു. “അടിയൻ ഇതാ! അടിയനെ അയയ്ക്കണമേ,” എന്നു ഞാൻ പറഞ്ഞു. അവിടന്ന് എന്നോട്: “നീ പോയി ഈ ജനത്തോടു പറയുക: “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല.’ ഈ ജനത്തിന്റെ ഹൃദയം കഠിനമാക്കുക അവരുടെ കാതുകൾ മന്ദമാക്കുക അവരുടെ കണ്ണുകൾ അന്ധമാക്കുക. അല്ലാത്തപക്ഷം അവർ തങ്ങളുടെ കണ്ണുകളാൽ കാണുകയും തങ്ങളുടെ കാതുകളാൽ കേൾക്കുകയും അവർ തങ്ങളുടെ ഹൃദയങ്ങളാൽ ഗ്രഹിക്കുകയും ചെയ്തിട്ട്, മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കുകയും ചെയ്യുമല്ലോ,” എന്നു പറഞ്ഞു. “കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ, യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ, ദേശംമുഴുവനും തീർത്തും നിർജനസ്ഥലം ആയിത്തീരുന്നതുവരെത്തന്നെ. അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ, അതു പിന്നെയും ദഹിപ്പിക്കപ്പെടും. കരിമരവും കരുവേലകവും വെട്ടിയിട്ടശേഷം കുറ്റി ശേഷിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”