യെശയ്യാവ് 49:8-16
യെശയ്യാവ് 49:8-16 MCV
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും. തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും. അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും. എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും. ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം ദേശത്തുനിന്നും അവർ വരും.” ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; ഭൂമിയേ, ആഹ്ലാദിക്കുക; പർവതങ്ങളേ, പൊട്ടിയാർക്കുക! കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു. എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു. “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല! ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.

