യെശയ്യാവ് 42:1-8

യെശയ്യാവ് 42:1-8 MCV

“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും. അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും. ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.” യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു— ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും അതിലെ ജനത്തിനു ശ്വാസവും അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ: “അന്ധനയനങ്ങൾ തുറക്കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു; ഞാൻ നിന്നെ കൈപിടിച്ചു നടത്തും. ഞാൻ നിന്നെ സൂക്ഷിക്കയും ജനത്തിന് ഒരു ഉടമ്പടിയും യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും. “ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം! ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല.