യെശയ്യാവ് 19:1-10

യെശയ്യാവ് 19:1-10 MCV

ഈജിപ്റ്റിനെതിരേയുള്ള പ്രവചനം: ഇതാ, യഹോവ അതിവേഗമുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു. ഈജിപ്റ്റിലെ വിഗ്രഹങ്ങൾ അവിടത്തെ സന്നിധിയിൽ വിറയ്ക്കുന്നു, ഈജിപ്റ്റുകാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകിപ്പോകുന്നു. “ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാർക്കെതിരേ ഇളക്കിവിടും— സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും അയൽവാസികൾ അയൽവാസികൾക്കെതിരായും പട്ടണം പട്ടണത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും പോരാടും. അന്ന് ഈജിപ്റ്റുകാരുടെ ചൈതന്യം ക്ഷയിച്ചുപോകും, അവരുടെ പദ്ധതികൾ ഞാൻ കുഴപ്പത്തിലാക്കും; തന്മൂലം അവർ വിഗ്രഹങ്ങളെയും പ്രേതാത്മാക്കളെയും വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ആശ്രയിക്കും. ഞാൻ ഈജിപ്റ്റുനിവാസികളെ ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും, ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സമുദ്രജലം വറ്റിപ്പോകും, നദീതടം ഉണങ്ങിവരണ്ടുപോകും. തോടുകളിൽനിന്ന് ദുർഗന്ധം വമിക്കും; ഈജിപ്റ്റിലെ അരുവികൾ ശോഷിച്ചു ജലശൂന്യമാകും. ഞാങ്ങണയും പുല്ലും ഉണങ്ങിപ്പോകും, നൈൽ നദീമുഖത്തും ഇരുവശങ്ങളിലുമുള്ള സസ്യജാലങ്ങളും ഉണങ്ങും. അവിടങ്ങളിൽ വിത്തുവിതച്ച വയലേലകൾ ഉണങ്ങിവരണ്ട് കാറ്റിൽപ്പറന്ന് ഇല്ലാതെയാകും. മീൻപിടിത്തക്കാർ ഞരങ്ങുകയും വിലപിക്കുകയും ചെയ്യും, നൈൽനദിയിൽ ചൂണ്ടലിടുന്ന എല്ലാവരുംതന്നെ; വെള്ളത്തിൽ വലവീശുന്ന എല്ലാവരുടെയും ആയുരാരോഗ്യം ക്രമേണ നഷ്ടപ്പെടും. ചീകിയെടുത്ത ചണംകൊണ്ട് വേല ചെയ്യുന്നവരും മൃദുലചണനൂൽ നെയ്യുന്നവരും നിരാശയിലാകും. ഈജിപ്റ്റിന്റെ അടിസ്ഥാനങ്ങൾ തകർന്നുപോകും, ദിവസക്കൂലിക്കാർ മനസ്സുതകർന്നവരാകും.