യെശയ്യാവ് 14:1-11

യെശയ്യാവ് 14:1-11 MCV

യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും; അവിടന്ന് ഇസ്രായേലിനെ ഒരിക്കൽക്കൂടി തെരഞ്ഞെടുക്കുകയും സ്വദേശത്ത് അവരെ പാർപ്പിക്കുകയും ചെയ്യും. വിദേശികളും അവരോടൊപ്പംചേരും അവർ യാക്കോബിന്റെ സന്തതികളുമായി ഇഴുകിച്ചേരും രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും. ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും, യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും. തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും, തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും. നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്, ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും: “പീഡകൻ എങ്ങനെ ഇല്ലാതെയായി! അവന്റെ ക്രോധം എങ്ങനെ നിലച്ചു?” യഹോവ ദുഷ്ടരുടെ വടിയും ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു, അതു ജനത്തെ കോപത്തോടെ നിരന്തരം പ്രഹരിച്ചുപോന്നു, അതു രാഷ്ട്രങ്ങളെ കോപത്തോടും അനിയന്ത്രിതമായ അക്രമത്തോടെയും അടക്കിഭരിച്ചുപോന്നു. ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു; അവർ സന്തോഷത്തോടെ ആർത്തുപാടുന്നു. സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു, “നീ വീണുപോയതുമുതൽ, ഒരു മരംവെട്ടുകാരനും ഞങ്ങളുടെനേരേ വരുന്നില്ല” എന്നു പറയുന്നു. നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു; അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു; അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു. അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീ ഞങ്ങൾക്കു തുല്യനായിത്തീർന്നോ?” എന്നു പറയും. നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു; പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു; കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു.