എബ്രായർ 9:11-22

എബ്രായർ 9:11-22 MCV

എന്നാൽ, ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന നന്മ നിറഞ്ഞ വ്യവസ്ഥിതിയുടെ മഹാപുരോഹിതനായിട്ടാണ് ക്രിസ്തു വന്നത്. അവിടന്ന് മനുഷ്യനിർമിതമല്ലാത്ത, അതായത്, ഭൗതികമല്ലാത്ത വലുതും സമ്പൂർണവുമായ ഒരു കൂടാരത്തിൽക്കൂടി പ്രവേശിച്ചു. മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു. മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ, നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും! വിളിക്കപ്പെട്ടവർ എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്. ഒരു വിൽപ്പത്രം പ്രാബല്യത്തിൽ വരാൻ അത് എഴുതിയ ആളിന്റെ മരണം സംഭവിച്ചു എന്ന് സ്ഥാപിക്കേണ്ടത് ആവശ്യമാണ്. കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല. ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്. മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം” എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു. അതുപോലെ അദ്ദേഹം സമാഗമകൂടാരത്തിലും; അനുഷ്ഠാനത്തിനായി ഉപയോഗിച്ചിരുന്ന സകല ഉപകരണങ്ങളിലും രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.