എബ്രായർ 13:20-25

എബ്രായർ 13:20-25 MCV

നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം, നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ. സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്. നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം. ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു. കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.