ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.” “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു. അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ സ്വപ്നത്തിൽ നദീതീരത്തു നിൽക്കുകയായിരുന്നു; അപ്പോൾ പുഷ്ടിയും ഭംഗിയും ഉള്ള ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന്, ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയ്ക്കു പിന്നാലെ തീരെ മെലിഞ്ഞ് വിരൂപമായ വേറെ ഏഴു പശുക്കൾ കയറിവന്നു. ഇത്രയും വിരൂപമായ പശുക്കളെ ഞാൻ ഈജിപ്റ്റുദേശത്തെങ്ങും ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. മെലിഞ്ഞു വിരൂപമായ ആ പശുക്കൾ, ആദ്യം കയറിവന്ന പുഷ്ടിയുള്ള ഏഴു പശുക്കളെയും തിന്നുകളഞ്ഞു. അവ അവയുടെ വയറ്റിൽ ചെന്നു; എന്നിട്ടും അവ അവയുടെ വയറ്റിൽ ചെന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. മുമ്പിലത്തെപ്പോലെതന്നെ അവ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. “പിന്നെയും എന്റെ സ്വപ്നത്തിൽ ഞാൻ ധാന്യം നിറഞ്ഞതും നല്ലതുമായ ഏഴു കതിരുകൾ ഒരേ തണ്ടിൽനിന്ന് പൊങ്ങിവന്നതായി കണ്ടു. അവയ്ക്കു പിന്നാലെ കൊഴിഞ്ഞതും നേർത്തതും കിഴക്കൻകാറ്റടിച്ചു വരണ്ടുപോയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. ആ നേർത്ത ധാന്യക്കതിരുകൾ നല്ല ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതു ജ്യോതിഷപുരോഹിതന്മാരോടു പറഞ്ഞു, എങ്കിലും എനിക്ക് അതു വിശദീകരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.” ഇതു കേട്ടതിനുശേഷം യോസേഫ് ഫറവോനോട്: “ഫറവോന്റെ സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. അവിടന്ന് എന്താണു ചെയ്യാൻ പോകുന്നതെന്നു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. ഏഴു നല്ല പശുക്കൾ ഏഴുവർഷങ്ങളാണ്; ഏഴു നല്ല ധാന്യക്കതിരുകളും ഏഴുവർഷങ്ങൾ; സ്വപ്നം ഒന്നുതന്നെ. പിന്നാലെ കയറിവന്ന മെലിഞ്ഞു വിരൂപമായ ഏഴു പശുക്കൾ ഏഴുവർഷങ്ങളത്രേ; കിഴക്കൻകാറ്റടിച്ച് ഉണങ്ങിപ്പോയ, കൊള്ളരുതാത്ത ഏഴു ധാന്യക്കതിരുകളും ഏഴുവർഷങ്ങൾതന്നെ. അവ ക്ഷാമത്തിന്റെ ഏഴുവർഷങ്ങളാണ്. “വസ്തുത ഞാൻ ഫറവോനോടു പറഞ്ഞതുപോലെതന്നെ: ദൈവം താൻ ചെയ്യാൻപോകുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. ഈജിപ്റ്റുദേശത്തെങ്ങും മഹാസമൃദ്ധിയുടെ ഏഴുവർഷം വരാൻപോകുന്നു. എന്നാൽ അവയ്ക്കുശേഷം ക്ഷാമത്തിന്റെ ഏഴുവർഷവും ഉണ്ടാകും. അപ്പോൾ, ഈജിപ്റ്റിൽ ഉണ്ടായിരുന്ന സമൃദ്ധി പാടേ വിസ്മരിക്കപ്പെടും; ക്ഷാമം ദേശത്തെ ക്ഷയിപ്പിക്കും. സമൃദ്ധിയെ തുടർന്നുണ്ടാകുന്ന ക്ഷാമം അതിരൂക്ഷമായിരിക്കയാലാണ് ദേശത്തെ സമൃദ്ധി ഓർമിക്കപ്പെടാതെ പോകുന്നത്. സ്വപ്നം രണ്ടുരീതിയിൽ ഫറവോന് ഉണ്ടായതോ; ഇക്കാര്യം ദൈവത്തിൽനിന്നാകുകയാൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നെന്നും ദൈവം അത് ഉടൻതന്നെ ചെയ്യാൻപോകുന്നു എന്നും കാണിക്കുന്നു. “ഫറവോൻ ഇപ്പോൾ വിവേചനശക്തിയും ജ്ഞാനവും ഉള്ള ഒരുവനെ കണ്ടുപിടിച്ച് ഈജിപ്റ്റുദേശത്തിന്റെ ചുമതല ഏൽപ്പിക്കണം. സമൃദ്ധിയുടെ ഏഴുവർഷത്തിൽ ഈജിപ്റ്റിലുണ്ടാകുന്ന വിളവിന്റെ അഞ്ചിലൊന്ന് ശേഖരിക്കാൻ ഫറവോൻ അധികാരികളെ നിയോഗിക്കുകയും വേണം. അവർ, വരാൻപോകുന്ന നല്ല വർഷങ്ങളിലെ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ശേഖരിക്കുകയും ഫറവോന്റെ ആധിപത്യത്തിൽ, ആഹാരത്തിനായി, നഗരങ്ങളിൽ സൂക്ഷിച്ചുവെക്കുകയും വേണം. ഈജിപ്റ്റിന്മേൽ വരാൻപോകുന്ന ക്ഷാമത്തിന്റെ ഏഴുവർഷക്കാലം ഉപയോഗിക്കേണ്ടതിന് ഇതു ദേശത്തിനുള്ള കരുതൽധാന്യമായിരിക്കേണ്ടതാണ്; അങ്ങനെയെങ്കിൽ ക്ഷാമംകൊണ്ടു ദേശം നശിച്ചുപോകാതിരിക്കും.” ഈ നിർദേശം നല്ലതെന്ന് ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും തോന്നി. അതുകൊണ്ടു ഫറവോൻ അവരോട്, “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?” എന്നു ചോദിച്ചു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല. എന്റെ കൊട്ടാരത്തിന്റെ ചുമതല നിനക്കായിരിക്കും; എന്റെ സകലപ്രജകളും നിന്റെ ആജ്ഞകൾക്കു വിധേയരായിരിക്കും. സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ ശ്രേഷ്ഠനായിരിക്കും.”
ഉൽപ്പത്തി 41 വായിക്കുക
കേൾക്കുക ഉൽപ്പത്തി 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഉൽപ്പത്തി 41:15-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ