ഉൽപ്പത്തി 4:8-16
ഉൽപ്പത്തി 4:8-16 MCV
ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി. അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു. അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും. നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.” അതിന് കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്! ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു. യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല, ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു. കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു താമസിച്ചു.

