ഉൽപ്പത്തി 37:28-36

ഉൽപ്പത്തി 37:28-36 MCV

മിദ്യാന്യവ്യാപാരികൾ അടുത്തെത്തിയപ്പോൾ യോസേഫിന്റെ സഹോദരന്മാർ അവനെ ജലസംഭരണിയിൽനിന്നും വലിച്ചെടുത്ത് ഇരുപതുശേക്കേൽ വെള്ളിക്ക് യിശ്മായേല്യർക്ക് വിറ്റു; അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. രൂബേൻ മടങ്ങിയെത്തി ആ ജലസംഭരണിയിൽ നോക്കിയപ്പോൾ യോസേഫ് അതിൽ ഇല്ലെന്നു കണ്ടിട്ട് തന്റെ വസ്ത്രംകീറി. അവൻ സഹോദരന്മാരുടെ അടുക്കൽ തിരിച്ചെത്തി അവരോട്: “ബാലൻ അവിടെ ഇല്ലല്ലോ! ഞാൻ ഇനി എവിടെയാണ് പോകേണ്ടത്?” എന്നു പറഞ്ഞു. അതിനുശേഷം അവർ യോസേഫിന്റെ കുപ്പായം എടുത്തു, ഒരു കോലാടിനെ കൊന്ന് അതിന്റെ രക്തത്തിൽ മുക്കി. ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു. അദ്ദേഹം അതു തിരിച്ചറിഞ്ഞു. “ഇത് എന്റെ മകന്റെ കുപ്പായംതന്നെ! ഏതോ ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു; യോസേഫിനെ അതു പിച്ചിച്ചീന്തിക്കളഞ്ഞുകാണും,” എന്നു പറഞ്ഞു. പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു. അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു. ഇതിനിടയിൽ മിദ്യാന്യർ, യോസേഫിനെ ഈജിപ്റ്റിൽ ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫറിനു വിറ്റു.

ഉൽപ്പത്തി 37:28-36 - നുള്ള വീഡിയോ