ഉൽപ്പത്തി 32:13-32

ഉൽപ്പത്തി 32:13-32 MCV

യാക്കോബ് ആ രാത്രി അവിടെ ചെലവഴിച്ചു; സഹോദരനായ ഏശാവിനുവേണ്ടി, തനിക്കുള്ളതിൽനിന്ന് ഒരു സമ്മാനം തെരഞ്ഞെടുത്തു: ഇരുനൂറു പെൺകോലാടുകൾ, ഇരുപതു കോലാട്ടുകൊറ്റന്മാർ, ഇരുനൂറ് ചെമ്മരിയാടുകൾ, ഇരുപത് ചെമ്മരിയാട്ടുകൊറ്റന്മാർ. കറവയുള്ള മുപ്പതു പെൺഒട്ടകങ്ങളും അവയുടെ കുട്ടികളും, നാൽപ്പതു പശുക്കളും പത്തു കാളകളും, ഇരുപതു പെൺകഴുതകളും പത്ത് ആൺകഴുതകളും—ഇത്രയുമായിരുന്നു സമ്മാനമായി തെരഞ്ഞെടുത്തത്. അദ്ദേഹം അവയെ ഓരോ കൂട്ടമായിത്തിരിച്ച് ഓരോകൂട്ടത്തിന്റെയും ചുമതല ഓരോ ദാസന്മാരെ ഏൽപ്പിച്ചു. ഇതിനുശേഷം യാക്കോബ് അവരോട്: “നിങ്ങൾ എനിക്കുമുമ്പായി പൊയ്ക്കൊള്ളൂ, കൂട്ടങ്ങൾക്കു മധ്യേ അകലം ഇടണം” എന്നു നിർദേശിച്ചു. ഏറ്റവും മുന്നിൽ പോകുന്നവന് അയാൾ നിർദേശം കൊടുത്തു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നിന്നോട്: ‘നീ ആരുടെ ദാസൻ? നീ എവിടേക്കു പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഈ മൃഗങ്ങൾ ആരുടെ വക?’ എന്നു ചോദിക്കുകയും ചെയ്യുമ്പോൾ, ‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്. ഇവ യജമാനനായ ഏശാവിനുവേണ്ടി അയച്ചിരിക്കുന്ന സമ്മാനം: അതാ, അദ്ദേഹം ഞങ്ങളുടെ പിന്നാലെ വരുന്നു’ എന്നു നീ പറയണം.” രണ്ടാമനും മൂന്നാമനും കന്നുകാലിക്കൂട്ടങ്ങളെ പിൻതുടർന്നിരുന്ന മറ്റെല്ലാവർക്കും അദ്ദേഹം നിർദേശം കൊടുത്തു: “ഏശാവിനെ കാണുമ്പോൾ നിങ്ങൾ എല്ലാവരും ഇതുതന്നെ പറയണം. ‘അങ്ങയുടെ ദാസനായ യാക്കോബ് ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട്’ എന്നു നിങ്ങൾ നിശ്ചയമായും പറയണം. ‘ഞാൻ മുമ്പേ അയയ്ക്കുന്ന ഈ സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ സാമാധാനപ്പെടുത്തും; പിന്നീട്, എന്നെ കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം സ്വീകരിക്കും’ ” എന്ന് യാക്കോബ് ചിന്തിച്ചു. അങ്ങനെ യാക്കോബിന്റെ സമ്മാനങ്ങൾ അദ്ദേഹത്തിനു മുമ്പായി നീങ്ങി. എന്നാൽ യാക്കോബ് പാളയത്തിൽത്തന്നെ രാത്രി ചെലവഴിച്ചു. ആ രാത്രിയിൽ യാക്കോബ് എഴുന്നേറ്റ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യാബ്ബോക്കുകടവു കടന്നു. അവരെ നദിക്കക്കരെ എത്തിച്ചതിനുശേഷം തനിക്കുള്ള സകലതും അക്കരെയെത്തിച്ചു. പിന്നീട് യാക്കോബ് തനിയേ ശേഷിച്ചു. ഒരു പുരുഷൻ പുലർച്ചയാകുന്നതുവരെ അദ്ദേഹത്തോടു മൽപ്പിടിത്തം നടത്തി. യാക്കോബിനെ തോൽപ്പിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നു കണ്ടിട്ട് ആ പുരുഷൻ അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ തട്ടം തൊട്ടു. അങ്ങനെ മൽപ്പിടിത്തത്തിനിടയിൽ യാക്കോബിന്റെ അരക്കെട്ടിന്റെ തട്ടം ഉളുക്കിപ്പോയി. അപ്പോൾ ആ പുരുഷൻ, “എന്നെ പോകാൻ അനുവദിക്കൂ, നേരം പുലരുന്നു” എന്നു പറഞ്ഞു. അതിന് യാക്കോബ്, “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു. ആ പുരുഷൻ അദ്ദേഹത്തോട്, “നിന്റെ പേര് എന്ത്?” എന്നു ചോദിച്ചു. “യാക്കോബ്” അദ്ദേഹം ഉത്തരം പറഞ്ഞു. അപ്പോൾ ആ പുരുഷൻ, “ഇന്നുമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും; എന്തുകൊണ്ടെന്നാൽ നീ ദൈവത്തോടും മനുഷ്യരോടും പൊരുതി ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ദയവുചെയ്ത് അങ്ങയുടെ പേര് എന്നോടു പറഞ്ഞാലും” യാക്കോബ് അപേക്ഷിച്ചു. “നീ എന്തിനാണ് എന്റെ പേരു ചോദിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പിന്നെ ആ പുരുഷൻ അവിടെവെച്ച് യാക്കോബിനെ അനുഗ്രഹിച്ചു. “ഞാൻ ദൈവത്തെ അഭിമുഖമായി കണ്ടു; എന്നിട്ടും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. യാക്കോബ് പെനീയേൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു; ഇടുപ്പിന്റെ ഉളുക്കു നിമിത്തം അദ്ദേഹം മുടന്തിയാണു നടന്നത്. യാക്കോബിന്റെ ഇടുപ്പിലെ തട്ടം അദ്ദേഹം സ്പർശിച്ചതുകൊണ്ട് ഇസ്രായേല്യർ ഇന്നുവരെയും ഇടുപ്പിനോടു ചേർന്നുള്ള സ്നായു ഭക്ഷിക്കാറില്ല.

ഉൽപ്പത്തി 32:13-32 - നുള്ള വീഡിയോ