ഉൽപ്പത്തി 21:1-13

ഉൽപ്പത്തി 21:1-13 MCV

ഇതിനുശേഷം യഹോവ, അവിടന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; അവൾക്ക് അവിടന്നു നൽകിയിരുന്ന വാഗ്ദാനം നിറവേറ്റി. അബ്രാഹാമിന്, വാർധക്യത്തിൽ, ദൈവം വാഗ്ദാനംചെയ്തിരുന്ന സമയത്തുതന്നെ, സാറാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അബ്രാഹാം, സാറാ തനിക്കു പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു പേരിട്ടു. ദൈവം തന്നോടു കൽപ്പിച്ചിരുന്നതുപോലെ അബ്രാഹാം, തന്റെ മകനായ യിസ്ഹാക്കിനെ എട്ടാംദിവസം പരിച്ഛേദനം ചെയ്തു. അബ്രാഹാമിനു നൂറു വയസ്സായപ്പോഴാണ് അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കു ജനിക്കുന്നത്. സാറ പറഞ്ഞു: “ദൈവം എനിക്കു ചിരിക്കാൻ വകയുണ്ടാക്കിയിരിക്കുന്നു. ഇതെക്കുറിച്ചു കേൾക്കുന്നവരെല്ലാവരും എന്നോടൊപ്പം ചിരിക്കും. സാറ കുഞ്ഞുങ്ങളെ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹാമിനോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചിരിക്കുന്നു” എന്ന് അവൾ പറഞ്ഞു. പൈതൽ വളർന്നു, മുലകുടി മാറ്റാനുള്ള സമയവും അടുത്തു; യിസ്ഹാക്കിന്റെ മുലകുടിമാറ്റിയ ദിവസം അബ്രാഹാം വലിയൊരു വിരുന്നു നടത്തി. ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രാഹാമിനു ജനിച്ച മകൻ, തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതായി സാറാ കണ്ടു. അവൾ അബ്രാഹാമിനോട്, “ആ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നു പറഞ്ഞു. യിശ്മായേൽ തന്റെ മകൻ ആയതുകൊണ്ട്, ഈ കാര്യം അബ്രാഹാമിനെ വളരെയധികം അസ്വസ്ഥനാക്കി. എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ബാലനെയും ദാസിയെയും സംബന്ധിച്ച് വ്യാകുലപ്പെടരുത്. സാറ നിന്നോടു പറയുന്നതെന്തും ശ്രദ്ധയോടെ കേൾക്കുക. കാരണം, ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.’ ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കിത്തീർക്കും; കാരണം അവൻ ഉത്ഭവിച്ചതും നിന്നിൽനിന്നാണല്ലോ.”

ഉൽപ്പത്തി 21:1-13 - നുള്ള വീഡിയോ