ഉൽപ്പത്തി 12:4-9

ഉൽപ്പത്തി 12:4-9 MCV

അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു. അദ്ദേഹം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ പുത്രനായ ലോത്തിനെയും തങ്ങൾ ഹാരാനിൽവെച്ചു നേടിയ സകലസ്വത്തും ഹാരാനിൽവെച്ച് തങ്ങൾ സമ്പാദിച്ച സേവകരെയും കൂട്ടി കനാൻദേശത്തേക്കു യാത്രതിരിച്ചു; അവർ കനാൻദേശത്ത് എത്തിച്ചേരുകയും ചെയ്തു. അബ്രാം ആ ദേശത്തുകൂടി ശേഖേമിലെ മോരേയിലുള്ള മഹാവൃക്ഷംവരെയും യാത്രചെയ്തു. അക്കാലത്ത് കനാന്യരായിരുന്നു ആ ദേശത്തുണ്ടായിരുന്നത്. യഹോവ അബ്രാമിനു പ്രത്യക്ഷനായി, “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു നൽകും” എന്ന് അരുളിച്ചെയ്തു. അതിനുശേഷം അദ്ദേഹം തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു. അവിടെനിന്ന് അബ്രാം ബേഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു പോയി. അവിടെ തന്റെ കൂടാരം അടിച്ചു; ആ സ്ഥലത്തിന്റെ പടിഞ്ഞാറുവശത്തു ബേഥേലും കിഴക്കുവശത്തു ഹായിയും ആയിരുന്നു. അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു. അബ്രാം പിന്നെയും ദക്ഷിണദിക്ക് ലക്ഷ്യമാക്കി തന്റെ പ്രയാണം തുടർന്നു.

ഉൽപ്പത്തി 12:4-9 - നുള്ള വീഡിയോ