ഗലാത്യർ 4:4-11

ഗലാത്യർ 4:4-11 MCV

എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു. ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു. ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “ അബ്ബാ, പിതാവേ” എന്നു വിളിക്കേണ്ടതിനാണ്. നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്; മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു. മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു. എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്‌പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം? നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു! നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു!