ഗലാത്യർ 3:6-11

ഗലാത്യർ 3:6-11 MCV

അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.” വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം. വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു. അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ദൈവത്തിന്റെ അംഗീകാരം നേടാനായി പ്രവർത്തിക്കുന്നവരെല്ലാം, ശാപത്തിൻകീഴിലാണ് എപ്പോഴും കഴിയുന്നത്. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, “ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുവർത്തിക്കാതിരിക്കുന്നവർ ശപിക്കപ്പെട്ടവർ.” ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്.”