പുറപ്പാട് 34:5-10

പുറപ്പാട് 34:5-10 MCV

അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.” അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു. “കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു. അപ്പോൾ യഹോവ: “ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലെങ്ങും ഒരു ജനതയുടെയും മധ്യത്തിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ഭുതങ്ങൾ ഞാൻ നിന്റെ സകലജനത്തിന്റെയും മുമ്പാകെ ചെയ്യും. യഹോവയായ ഞാൻ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻപോകുന്ന കാര്യങ്ങൾ എത്ര ഭയങ്കരമാണെന്നു നിങ്ങൾക്കുചുറ്റും വസിക്കുന്ന ജനം കാണും.

പുറപ്പാട് 34:5-10 - നുള്ള വീഡിയോ