പുറപ്പാട് 34:1-8

പുറപ്പാട് 34:1-8 MCV

യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും. നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം. നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.” അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു. യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു. ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.” അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു.

പുറപ്പാട് 34:1-8 - നുള്ള വീഡിയോ