പുറപ്പാട് 3:7-17

പുറപ്പാട് 3:7-17 MCV

യഹോവ ഇങ്ങനെ അരുളിച്ചെയ്തു, “ഈജിപ്റ്റിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. അടിമകളുടെ മേൽനോട്ടക്കാർ നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേട്ടു. ഞാൻ അവരുടെ സങ്കടം അറിയുന്നു. അതുകൊണ്ട് ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നതിനും അവരെ ആ ദേശത്തുനിന്ന് പുറപ്പെടുവിച്ച് നല്ലതും വിശാലവുമായ ദേശത്തേക്ക്; പാലും തേനും ഒഴുകുന്ന ദേശത്തേക്ക്—കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു—കൊണ്ടുപോകുന്നതിനു ഞാൻ ഇറങ്ങിവന്നിരിക്കുന്നു. ഇസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കാണുകയുംചെയ്തിരിക്കുന്നു. ആകയാൽ നീ ഇപ്പോൾ ചെല്ലുക, എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരാൻ ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും.” എന്നാൽ മോശ ദൈവത്തോട്, “ഫറവോന്റെ അടുക്കൽ ചെല്ലാനും ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുപോരാനും എനിക്ക് എന്തു യോഗ്യതയാണുള്ളത്?” എന്നു ചോദിച്ചു. അതിനു ദൈവം, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ അയച്ചിരിക്കുന്നതു ഞാൻതന്നെ എന്നതിന് ഇത് ഒരത്ഭുതചിഹ്നമായിരിക്കും: നീ ഈ ജനത്തെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതിനുശേഷം നിങ്ങൾ ഈ മലയിൽ ദൈവത്തെ ആരാധിക്കും” എന്ന് അരുളിച്ചെയ്തു. “ഞാൻ ഇസ്രായേൽമക്കളുടെ അടുത്തുചെന്ന് അവരോട്, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ, അവിടത്തെ നാമം എന്ത്?’ എന്ന് അവർ എന്നോടു ചോദിച്ചാൽ, ഞാൻ അവരോട് എന്തു പറയണം?” എന്ന് മോശ ദൈവത്തോടു ചോദിച്ചു. ദൈവം മോശയോട്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം” എന്ന് അരുളിച്ചെയ്തു. ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’ “എന്റെ ശാശ്വതനാമം ഇതാണ്, തലമുറതലമുറയായി എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ. “നീ ചെന്ന് ഇസ്രായേല്യ ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി അവരോട് ഇപ്രകാരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ, എനിക്കു പ്രത്യക്ഷനായി എന്നോട്, ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റുകാർ നിങ്ങളോടു ചെയ്തിട്ടുള്ളതു കാണുകയുംചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു. ഈജിപ്റ്റിലെ നിങ്ങളുടെ ദുരിതങ്ങളിൽനിന്ന് നിങ്ങളെ രക്ഷിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക്—പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, കൊണ്ടുവരുമെന്നു ഞാൻ വാഗ്ദാനംചെയ്തിരിക്കുന്നു.’

പുറപ്പാട് 3:7-17 - നുള്ള വീഡിയോ