പുറപ്പാട് 23:1-13

പുറപ്പാട് 23:1-13 MCV

“വ്യാജവാർത്ത പ്രചരിപ്പിക്കരുത്. ദുഷ്ടരായവരെ സഹായിക്കാൻ കള്ളസ്സാക്ഷിയാകരുത്. “ദോഷം പ്രവർത്തിക്കാൻ ഭൂരിപക്ഷത്തോടു യോജിക്കരുത്. വ്യവഹാരത്തിൽ സാക്ഷ്യം പറയുമ്പോൾ ജനക്കൂട്ടത്തോടുചേർന്നു ന്യായം അട്ടിമറിക്കരുത്. ദരിദ്രന്റെ വ്യവഹാരത്തിൽ ആ വ്യക്തിയോടു പക്ഷഭേദം കാട്ടുകയും അരുത്. “നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ അലഞ്ഞുതിരിയുന്നതായി കണ്ടാൽ നിശ്ചയമായും അതിനെ ആ മനുഷ്യന്റെ അടുക്കൽ തിരിച്ചെത്തിക്കണം. നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം. “വ്യവഹാരത്തിൽ ദരിദ്രനു നീതി നിഷേധിക്കരുത്. വ്യാജാരോപണത്തിൽ നിനക്കു പങ്കുണ്ടാകരുത്. നിരപരാധിയും നീതിമാനും ആയ ഒരു മനുഷ്യനെയും കൊല്ലരുത്. കുറ്റവാളിയെ ഞാൻ ശിക്ഷിക്കാതെ വിടുകയില്ല. “കൈക്കൂലി വാങ്ങരുത്; കൈക്കൂലി കാഴ്ചയുള്ളവരെ അന്ധരാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. “പ്രവാസികളെ പീഡിപ്പിക്കരുത്; ഈജിപ്റ്റിൽ പ്രവാസികളായിരുന്ന നിങ്ങൾക്ക് ഒരു വിദേശിയുടെ ജീവിതം എങ്ങനെയെന്ന് അറിയാമല്ലോ. “ആറുവർഷം നിന്റെ വയലിൽ വിതച്ച് വിളവു ശേഖരിച്ചുകൊൾക. എന്നാൽ ഏഴാംവർഷം നിലം ഉഴാതെ തരിശായിടുക. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് ആഹാരത്തിനുള്ളതു ശേഖരിക്കട്ടെ. അവർ ഉപേക്ഷിക്കുന്നതു കാട്ടുജന്തുക്കൾ തിന്നട്ടെ. മുന്തിരിത്തോപ്പിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം. “ആറുദിവസം നിന്റെ ജോലി ചെയ്യണം; എന്നാൽ നിന്റെ കാളയും കഴുതയും വിശ്രമിക്കേണ്ടതിനും, നിന്റെ ദാസിയുടെ പുത്രനും പ്രവാസിയും ഉന്മേഷം പ്രാപിക്കേണ്ടതിനും ഏഴാംദിവസം വേല ചെയ്യരുത്. “ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ ചെയ്യണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അവ നിന്റെ അധരങ്ങളിൽനിന്നു കേൾക്കാൻ ഇടയാകുകയുമരുത്.

പുറപ്പാട് 23:1-13 - നുള്ള വീഡിയോ