ഈ സമയം ലേവിഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ ഒരു ലേവ്യസ്ത്രീയെ വിവാഹംചെയ്തു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അഴകുള്ള ഒരു കുട്ടിയാണ് എന്നു കണ്ടിട്ട് അവൾ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു. എന്നാൽ അവനെ ഒളിപ്പിച്ചുവെക്കാൻ ഒട്ടും കഴിയാതായപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന്മേൽ പശയും കീലും തേച്ച്, കുട്ടിയെ അതിൽ കിടത്തി, നൈൽനദീതീരത്തു ഞാങ്ങണകൾക്കിടയിൽ വെച്ചു. അവന് എന്തു സംഭവിക്കുമെന്നു നോക്കിക്കൊണ്ട്, ശിശുവിന്റെ സഹോദരി കുറച്ചകലെ മാറിനിന്നു. ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു. അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു. അപ്പോൾ ആ ശിശുവിന്റെ സഹോദരി ഫറവോന്റെ പുത്രിയോട്, “നിങ്ങൾക്കുവേണ്ടി ഈ കുഞ്ഞിനെ പരിചരിക്കാൻ ഞാൻ ചെന്ന് ഒരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെയോ?” എന്നു ചോദിച്ചു. “ഉവ്വ്, പൊയ്ക്കൊൾക,” ഫറവോന്റെ പുത്രി മറുപടി പറഞ്ഞു. അതനുസരിച്ച് പെൺകുട്ടി ചെന്ന്, അവന്റെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഫറവോന്റെ പുത്രി അവളോട്, “എനിക്കുവേണ്ടി ഈ കുഞ്ഞിനെ കൊണ്ടുപോയി മുലയൂട്ടിവളർത്തുക; നിന്റെ സേവനത്തിനു ഞാൻ പ്രതിഫലം തരാം” എന്നു പറഞ്ഞു. അങ്ങനെ ആ സ്ത്രീ പൈതലിനെ കൊണ്ടുപോയി വളർത്തി. കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. “ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു,” എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു.
പുറപ്പാട് 2 വായിക്കുക
കേൾക്കുക പുറപ്പാട് 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 2:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ