ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?” മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു. അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.” അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല. നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല. ഇപ്പോൾ എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ നിനക്ക് ഉപദേശം നൽകാം; ദൈവം നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നീ ദൈവസന്നിധിയിൽ ജനത്തിന്റെ പ്രതിനിധി ആയി അവരുടെ വ്യവഹാരങ്ങൾ ദൈവത്തിന്റെ അടുക്കൽ കൊണ്ടുചെല്ലണം. അവിടത്തെ ഉത്തരവുകളും നിയമങ്ങളും അവരെ പഠിപ്പിക്കയും ജീവിക്കേണ്ട വിധവും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളും അവരെ പ്രബോധിപ്പിക്കുകയും ചെയ്യണം. സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക. അവർ എപ്പോഴും ജനത്തിനു ന്യായംവിധിക്കട്ടെ. സങ്കീർണമായ വ്യവഹാരങ്ങൾ അവർ നിന്റെ അടുക്കൽ കൊണ്ടുവരികയും ലഘുവായ കാര്യങ്ങളിൽ അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്യട്ടെ. അങ്ങനെയായാൽ നിന്റെ ജോലിഭാരം കുറയും, അങ്ങനെ അവരും അതു നിന്നോടൊപ്പം പങ്കിടുമല്ലോ! നീ ഇതു ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു കഠിനാധ്വാനം ഒഴിവാക്കാം, ജനമെല്ലാം സംതൃപ്തരായി വീടുകളിലേക്കു മടങ്ങുകയും ചെയ്യും.” മോശ അമ്മായിയപ്പന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു; അദ്ദേഹം പറഞ്ഞതുപോലെ എല്ലാം ചെയ്തു.
പുറപ്പാട് 18 വായിക്കുക
കേൾക്കുക പുറപ്പാട് 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 18:14-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ